പത്തനംതിട്ട: മുൻവിരോധത്താൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് നെല്ലിമുകൾ ശ്രീനഗർ വിനോദ് ഭവനം വീട്ടിൽ അജിത്ത് (37), പള്ളിക്കൽ തെങ്ങമം തോട്ടമുക്ക് മോഹനവിലാസം ശ്രീജിത്ത് (34) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ അഞ്ചിന് രാവിലെ 10. 30 ന് കടമ്പനാട് നോർത്ത് ചക്കുത്തറയിൽ മഹേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ അസഭ്യം വിളിച്ചു ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. വീട്ടിലെ സി.സി.ടി.വി കാമറയും മോണിറ്ററും അടിച്ചു പൊട്ടിച്ചതുവഴി 60,000 രൂപയുടെ നഷ്ടമുണ്ടായി.
കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ
പത്തനംതിട്ട: മൂന്നു യുവാക്കളെ കഞ്ചാവുമായി ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. പഴകുളം പൊന്മന കിഴക്കേതിൽ ലൈജു(30), പഴകുളം വലിയവിളയിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ(26), ആദിക്കാട്ടുകുളങ്ങര ആര്യഭവനം അരുൺ തുളസി (28) എന്നിവരാണ് രാത്രി പന്തളത്തുനിന്ന് കസ്റ്റഡിയിലായത്.
138 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അടൂർ പോലീസ് സ്റ്റേഷനിലെ കാപ്പ കേസിൽ ഉൾപ്പെട്ടയാളാണ് ഒന്നാം പ്രതി ലൈജു. കഴിഞ്ഞ ഡിസംബറിൽ ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കിയിരുന്നു. ഈ മാസമാദ്യം ജയിലിൽനിന്ന് ഇറങ്ങി. മൂന്നു കഞ്ചാവ് കേസ് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കഞ്ചാവ് വില്പന സംഘത്തിലെ മുഖ്യകണ്ണിയാണ്. എം.ഡി.എം.എയുമായി നാലു മാസം മുമ്പ് അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ജയിലിൽനിന്ന് ഇറങ്ങിയിട്ട് രണ്ടാഴ്ചയോളമായിട്ടേയുള്ളൂ.
home invasion two arrested