തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ സജ്ജം
പത്തനംതിട്ട∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ വിതരണോദ്ഘാടനം കലക്ടർ എസ്.പ്രേം കൃഷ്ണൻ കലക്ടറേറ്റിലെ ഇലക്‌ഷൻ വെയർഹൗസ് സ്‌ട്രോങ് റൂമിൽ നിർവഹിച്ചു. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തനസജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ജില്ലാ കലക്ടറിൽ നിന്നും പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി എൻ പ്രശാന്ത് കുമാർ ഏറ്റുവാങ്ങി.
പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം നഗരസഭകളിലെ 200 കൺട്രോൾ യൂണിറ്റും 200 ബാലറ്റ് യൂണിറ്റും പുളിക്കീഴ്, കോയിപ്രം ബ്ലോക്കിലെ 280 കൺട്രോൾ യൂണിറ്റും 840 ബാലറ്റ് യൂണിറ്റുമാണു ആദ്യ ദിനം വിതരണം ചെയ്തത്. ഇന്ന് മല്ലപ്പള്ളി, കോന്നി, ഇലന്തൂർ ബ്ലോക്കിലെയും നാളെ പന്തളം, റാന്നി, പറക്കോട് ബ്ലോക്കിലെയും വോട്ടിങ് മെഷീൻ വിതരണം ചെയ്യും.
ഡിസംബർ 3 മുതൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് മെഷീൻ സജ്ജമാക്കും. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിനു ശേഷം വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് മറ്റ് പോളിങ് സാമഗ്രികൾക്കൊപ്പം വിതരണം ചെയ്യും.
പൊതുതിരഞ്ഞെടുപ്പിനു മൾട്ടി പോസ്റ്റ് ഇവിഎം ആണ് ഉപയോഗിക്കുന്നത്. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിങ് കംപാർട്ട്‌മെന്റിൽ വച്ചിട്ടുള്ള 3 ബാലറ്റ് യൂണിറ്റുകൾ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണു സജ്ജീകരിക്കുന്നത്. നഗരസഭകളിൽ ഒന്നു വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണു ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർഥികളെയാണു ക്രമീകരിക്കുന്നത്.
ഏതെങ്കിലും തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം 15ൽ കൂടുതലുണ്ടെങ്കിൽ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും. 16 മുതലുള്ള സ്ഥാനാർഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക. ജില്ലയിൽ 2,180 കൺട്രോൾ യൂണിറ്റും 6,184 ബാലറ്റ് യൂണിറ്റുമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ഇലക‌്ഷൻ ഡപ്യൂട്ടി കലക്ടർ ബീന എസ് ഹനീഫ്, ബ്ലോക്ക്, നഗരസഭ എഇആർഒമാർ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
evm-distribution-pathanamthitta
