മല്ലപ്പള്ളിയിൽനിന്ന് കിഴക്കൻ മേഖലയിലേക്ക് പോകാൻ ഇപ്പോൾ പാടുപെടണം; ഈ വഴി ഇപ്പോൾ കെഎസ്ആർടിസി ബസ് ഇല്ല
മല്ലപ്പള്ളി : മല്ലപ്പള്ളിയിൽനിന്ന് കിഴക്കൻ മേഖലയിലേക്ക് പോകാൻ ഇപ്പോൾ പാടുപെടണം. മുൻപ് തലങ്ങും വിലങ്ങും ബസുകളുണ്ടായിരുന്നു. മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മണിമലയ്ക്കും പൊന്തൻപുഴയ്ക്കും നീട്ടിയപ്പോഴായിരുന്നു ആ സൗകര്യം. സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്ന ആ സമയത്ത് കെഎസ്ആർടിസിയും രാവിലെയും വൈകുന്നേരങ്ങളിലും മത്സരിച്ചോടി. ഓടി വശംകെട്ട സ്വകാര്യബസുകൾ പണി മതിയാക്കി മടങ്ങി. മത്സരിക്കാൻ സ്വകാര്യബസുകളില്ലാതായിട്ടാണോ കാരണമെന്നറിയില്ല, ട്രാൻസ്‌പോർട്ട് ബസുകളും ഇതിലെയുള്ള ഓട്ടം നിർത്തി വേറെ വഴിക്കുപോയി. ഇപ്പോൾ ഒരുവണ്ടി പോലുമില്ലാത്ത അവസ്ഥയുമായി
ശബരിമല സീസണിൽ ഒട്ടേറെ അയ്യപ്പഭക്തരാണ് ഇതുവഴി ബസിൽ യാത്ര ചെയ്തിരുന്നത്. സർവീസ് നിലച്ചതോടെ എരുമേലിക്കുള്ള യാത്ര ദുരിതമായിരിക്കുകയാണ്. കിഴക്കൻ മേഖലയായ ഏലപ്പാറ, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലേക്കുമുള്ള യാത്രക്കാരും പലബസുകൾ കയറി ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ്. യാത്രാക്ലേശം പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്.
കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് കോട്ടയം-എരുമേലി, കോട്ടയം -മുണ്ടക്കയം സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഏറെനാളായുണ്ട്. കോട്ടയം, കറുകച്ചാൽ, മല്ലപ്പള്ളി, വായ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തൻപുഴ, മുക്കട വഴി എരുമേലിക്കും മുണ്ടക്കയത്തിനും കെഎസ്ആർടിസി ബസുകളില്ല. യാത്രാക്ലേശം വർധിച്ചു. യാത്രക്കാർ മറ്റ് മാർഗങ്ങളില്ലാതെ വലയുകയാണ്. എന്നിട്ടും പരിഹാരമില്ല.
കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. ഇത് സംബന്ധിച്ച് മല്ലപ്പള്ളി ഡിപ്പോയിൽ നിവേദനം നൽകിയിട്ടും നടപടിയില്ല. എടിഒ യുടെ തസ്തികയിൽ ആളില്ലാത്ത മല്ലപ്പള്ളി ട്രാൻസ്‌പോർട്ട് സ്റ്റേഷനിൽ ഇൻ ചാർജ് മാത്രമാണ് ഉള്ളത്. ഭരണപരമായ തീരുമാനമെടുക്കാൻ ആരുമില്ലാതെ ഡിപ്പോ കെടുകാര്യസ്ഥതയിലാണ് ഇപ്പോൾ. ആറ് വണ്ടി വരെ ഒരേദിവസം വഴിയിൽ കിടക്കുന്ന അവസ്ഥവരെ ആയിട്ടുണ്ട്.
ksrtc service
