മണ്ഡലകാലം തുടങ്ങി 13 ദിവസം പിന്നിടുമ്പോഴും പൂർത്തിയാകാതെ റോഡ് നവീകരണം
പത്തനംതിട്ട: മണ്ഡലകാലം തുടങ്ങി 13 ദിവസം പിന്നിടുമ്പോഴും പൂർത്തിയാകാതെ റോഡ് നവീകരണം. പ്രധാന ശബരിമല റോഡുകളിലൊന്നായ തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ ജോലി ഇപ്പോഴും തുടരുകയാണ്. ഓട നവീകരണവും റോഡരികിലെ കോൺക്രീറ്റിങ്ങുമാണ് നടക്കുന്നത്.
ഇത് പൂർത്തിയായാലേ പൂർണതോതിൽ ടാറിങ് നടത്താനാകൂ. ജോലി നടക്കുന്ന ഭാഗങ്ങളിൽ റോഡിൽ വീപ്പ സ്ഥാപിച്ചത് ഗതാഗതത്തെ ബാധിക്കുന്നുമുണ്ട്. സീസണ്‍ ആരംഭിച്ചതോടെ തിരക്ക് ഇരട്ടിയായിട്ടും കോഴഞ്ചേരി തെക്കേമലയിലെ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ വാഹനഗതാഗതം അനുവദിച്ചിട്ടുള്ളൂ.
ചെങ്ങന്നൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സി പമ്പ സർവീസുകൾ അടക്കം ഇവിടെ കുരുക്കിൽപ്പെടുന്നത് പതിവാണ്. തിരുവല്ല - കുമ്പഴ റോഡിൽ ഇലന്തൂര്‍ പരിയാരം മുതല്‍ പത്തനംതിട്ട നന്നുവക്കാട് വരെയുള്ള ചില മേഖലകളില്‍ റീ ടാറിങ് നടത്തിയത് ആശ്വാസമായിട്ടുണ്ട്. താഴ്ന്നു കിടന്ന ഭാഗങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മെക്കാഡവും കോണ്‍ക്രീറ്റും ഇളക്കി മാറ്റി മെറ്റലിട്ട് ഉറപ്പിച്ച ശേഷം റോഡ് പൂര്‍ണമായും ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുകയായിരുന്നു.
മുന്‍കാലങ്ങളില്‍ തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് പ്രധാന റോഡുകളെല്ലാം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു. ഇക്കുറി സംസ്ഥാന പാതകളടക്കം പൊതുമരാമത്ത് വകുപ്പ് അധീനതയിലുള്ള റോഡുകളുടെ സ്ഥിതി ഏറെ ശോചനീയമാണ്.
ഫണ്ട് അനുവദിക്കാൻ വൈകിയതും ജോലി താമസിക്കാൻ കാരണമായതായി ആക്ഷേപമുണ്ട്. ചെറുകിട കരാറുകാർ കുറഞ്ഞതോടെ ചെറിയ ജോലി ടെന്‍ഡര്‍ ചെയ്താല്‍ ആരും എടുക്കാനില്ലെന്നതും വകുപ്പിനെ കുഴക്കുന്നു. തിരുവല്ല- കോഴഞ്ചേരി മേഖലയിൽ തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിന് സമീപം മുതല്‍ കോഴഞ്ചേരി പാലം വരെ ഭാഗം പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. പാലം പിന്നിട്ട് സി. കേശവന്‍ സ്മാരകത്തിന്‍റെ ഭാഗത്തും കുണ്ടും കുഴിയുമാണ്. പുല്ലാട് ജങ്ഷനിലും റോഡ് തകർന്നു കിടക്കുകയാണ്. ശബരിമല സീസണ്‍ പ്രമാണിച്ച് റോഡ് കുഴികളടച്ച് മെച്ചപ്പെടുത്തിയെങ്കിലും മഴയിൽ വീണ്ടും തകർന്ന സ്ഥിതിയാണ്.
sabarimala-pilgrimage
