തോട്ടിലെയും ഓടയിലെയും മാലിന്യവും വെള്ളക്കെട്ടും
പന്തളം : മഴക്കാലരോഗങ്ങളെ ചെറുക്കാൻ തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ശുചീകരണവും ഡ്രൈ ഡേയും നടത്തുമ്പോൾ ഓടകളിൽ കെട്ടിനിൽക്കുന്ന മാലിന്യവും മലിനജലവും നീക്കാൻ നടപടിയെടുക്കുന്നില്ല.
ഒഴുക്ക് നിലച്ച് മാലിന്യം കെട്ടികിടക്കുന്ന ഓടകളിൽ കൊതുകും ഈച്ചയും പെരുകുകയാണ്. കുളനട പഞ്ചായത്തിലെ പന്തളം വലിയപാലത്തിന് സമീപം തീർഥാടകരുടെ വാഹനം നിർത്തിയിടുന്ന സ്ഥലത്ത് എം.സി. റോഡിനോടു ചേർന്നുള്ള ഓട നിറയെ മാലിന്യവും വെള്ളവും കെട്ടിനിൽക്കുകയാണ്. തീർഥാടനകാലത്ത് ഉപേക്ഷിച്ച മാലിന്യംവരെ ഇതിൽ അടിഞ്ഞുകിടക്കുന്നുണ്ട്.എന്നാൽ ഇതിനെതിരെ യാതൊരു നടപടിയും അധികൃതർ എടുത്തിട്ടില്ല .
ഒരു മഴപെയ്താൽ പന്തളത്ത് കുരമ്പാല ഭാഗത്തും കടയ്ക്കാട് ഭാഗത്തും പന്തളം വലിയപാലത്തിലും ഈ അവസ്ഥ തന്നെയാണ് . റോഡരികിലെ ഓടയിൽ വെള്ളവും മാലിന്യവും കെട്ടിനിൽകുകയാണ് . പന്തളം വലിയപാലത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്രക്കാർ മലിനജലത്തിൽ ചവിട്ടിവേണം യാത്രചെയ്യാൻ .വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങളെല്ലാം മണ്ണുമൂടി അടഞ്ഞുകിടക്കുകയാണ്. കടയ്ക്കാട് ഭാഗത്തെ തോടുകളും മുട്ടാർ നീർച്ചാലും മലിനജലം കെട്ടിനിൽക്കുന്ന സ്ഥലങ്ങളാണ്.
മുട്ടാർ നീർച്ചാൽ നാൽപ്പത് ലക്ഷത്തോളം രൂപ ചെലവാക്കി വൃത്തിയാക്കിയെങ്കിലും മാലിന്യം ഉപേക്ഷിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. വൃത്തിയാക്കി ഒരു വർഷം തികയുമ്പോഴേക്കും എടുത്തുമാറ്റിയ അത്രത്തോളം മാലിന്യം വീണ്ടും നിറയുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.
സന്ധ്യകഴിഞ്ഞാൽ പിന്നെ പന്തളം കവലയും സമീപ പ്രദേശങ്ങളും കൊതുകുകൊണ്ടുനിറയും.അധികൃതർ വേണ്ട നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികൾ പറയുന്നത്
Waste and waterlogging in streams and drains





