ശബരിമല ഉത്സവം ഇന്ന് (2-4-2025 )കൊടിയേറി .. 18 വരെ ദർശനം
11ന് ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട്; വിഷുക്കണി ദർശനം 14ന് പുലർച്ചെ 4 മുതൽ
ശബരിമല ∙ ഉത്സവം–വിഷു പൂജകൾക്കായി ക്ഷേത്രനട തുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറി.
തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിച്ചു . 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും
വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ട്.
10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പു പൂർത്തിയാക്കി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും.
പള്ളിവേട്ടയ്ക്കു ശേഷം മടങ്ങി എത്തി ശ്രീകോവിലിനു പുറത്ത് പ്രത്യേകം തയാറാക്കുന്ന അറയിലാണു ദേവന്റെ പള്ളിയുറക്കം.
ഉത്സവത്തിനു സമാപനം കുറിച്ച് 11ന് ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും.
ഇത്തവണത്തെ വിഷുക്കണി ദർശനം 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ്. മണ്ഡല മകരവിളക്കു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ
തീർഥാടകർ എത്തുന്നത് വിഷുവിനാണ്. ഇത്തവണ 10 ദിവസത്തെ ഉത്സവവും വിഷുവും ഒരുമിച്ചു വന്നതിനാൽ 18 വരെ ദർശനത്തിനുള്ള സൗകര്യം ഉണ്ട്.
ഉത്സവത്തിനുള്ള കൊടിക്കൂറ, കയർ എന്നിവയുമായി കൊല്ലം ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെട്ട ഘോഷയാത്ര
സന്നിധാനത്ത് എത്തി. പതിനെട്ടാംപടി കയറി ശ്രീകോവിലിനു വലംവച്ചു കൊടിക്കൂറ ദേവനു സമർപ്പിച്ചു.
തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരിയാണ്
ഇന്നലെ നട തുറന്നത്. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടന്നു. ഇന്ന് ബിംബശുദ്ധി നടക്കും.
sabarimala