പത്തനംതിട്ട: പൗരസമിതി പ്രസിഡന്റ് അഴൂര്‍ മനാഴിക്കീഴേതില്‍ പി രാമചന്ദ്രന്‍ നായര്‍ (86) നിര്യാതനായി. വൈഎംസിഎ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മക്കള്‍: ഇന്ദു ജയകുമാര്‍, അഡ്വ. റോഷന്‍ നായര്‍ (പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍), രാജേഷ് നായര്‍. മരുമക്കള്‍: ജയകുമാര്‍, തനുശ്രീ, സ്‌നേഹലത.
പത്തനംതിട്ടയുടെ ജനകീയ മുഖമാണ് രാമചന്ദ്രന്‍ നായരുടെ മരണത്തോടെ നഷ്ടമാകുന്നത്. ജില്ലാ ആസ്ഥാനത്തിന്റെയും നഗരസഭയുടെ വികസനത്തിന് വേണ്ടി എക്കാലവും നില കൊണ്ടയാളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പത്തനംതിട്ട പൗരസമിതിയുടെ പ്രസിഡന്റായിരുന്നു. ടൗണ്‍ഹാളില്‍ നടന്ന ലഹരിക്കെതിരേ പ്രൗഡ് കേരളയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹം പോലീസ് സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണത്. ലഹരിക്കെതിരേ രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ രാമചന്ദ്രന്‍ നായര്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
സമൂഹത്തിന് വേണ്ടിയുള്ള ഈ പരിപാടിക്ക് പൗരസമിതിയുടെ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. സഹോദരന്‍ പി. മോഹന്‍രാജും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം തിരികെ മടങ്ങുമ്പോള്‍ പോലീസ് സ്‌റ്റേഷന് സമീപം വച്ച് കുഴഞ്ഞു വീണു. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പത്തനംതിട്ടയുടെ വികസനത്തിന് വേണ്ടി മാറ്റി വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അനുജന്‍ പി. മോഹന്‍രാജ് പത്തനംതിട്ട നഗരസഭ ചെയര്‍മാനായിരിക്കുമ്പോഴും വികസനത്തിന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം തുടര്‍ന്നു. മകന്‍ റോഷന്‍ നായര്‍ നിലവില്‍ നഗരസഭ കൗണ്‍സിലര്‍ ആണ്.
വികസനത്തിന് തടസമാകുന്ന എന്തിനുമെതിരേ പ്രതികരിച്ചിട്ടുള്ളയാണ് പി. രാമചന്ദ്രന്‍ നായര്‍. അദ്ദേഹം പ്രസിഡന്റായ പൗരസമിതി എല്ലാ ജനകീയ വിഷയങ്ങളിലും ഇടപെട്ടു. പ്രായമേറിയിട്ടും അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയ്ക്ക് കുറവുണ്ടായിരുന്നില്ല. പ്രസ്താവനയുമായി പത്രം ഓഫീസുകള്‍ നടന്നാണ് അദ്ദേഹം കയറിയിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടോടെ പത്തനംതിട്ടയുടെ ഒരു മുഖം തന്നെയാണ് നഷ്ടമാകുന്നത്.
p ramachandran nair passed away