പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ബന്ധുവായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നന്നുവക്കാട് പൂർണിമ വീട്ടിൽ വിഘ്നേഷ്( 34) ആണ് പിടിയിലായത്.
നന്നുവക്കാട് പൂർണ്ണിമ വീട്ടിൽ സുചിത്ര(29) ആണ് പരാതിക്കാരി. ഇന്നലെ രാത്രി സ്റ്റേഷനിലെത്തി യുവതി, തന്റെ കുഞ്ഞമ്മയുടെ മകനായ വിഘ്നേഷ് ഉച്ചയ്ക്ക് 2 ന് വീട്ടിലെത്തി അമ്മൂമ്മയുടെ ദേഹത്ത് ചീഞ്ഞ ഭക്ഷണസാധനങ്ങൾ ഇടുകയും, അസഭ്യം വിളിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയിച്ചു.കൂടാതെ യുവതിയെ തടഞ്ഞുനിർത്തി ധരിച്ച വസ്ത്രം ശരിയല്ലെന്ന് ആക്ഷേപിച്ച് ബോഡി ഷെയിമിംഗ് നടത്തി അപമാനിക്കുകയും ചെയ്തു.
തുടർന്ന്, പോലീസ് ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.ആയുധനിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. എസ് ഐ കെ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആക്രമണം നടത്തുന്ന വിവരം അറിഞ്ഞയുടനെ പോലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.വിഘ്നേഷ് ഇതിനുമുമ്പു സുചിത്രയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, വീട്ടിലെ സാധനങ്ങൾ അടിച്ചു പൊട്ടിക്കുകയും ചെയ്തിരുന്നു, ഈമാസം 14 നാണ് സംഭവം. സി സി ടി വി യും കാറിന്റെ ഗ്ലാസുകളും ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ചുതകർക്കുകയായിരുന്നു. ഇതിന്റെ പേരിൽ യുവതിയുടെ അമ്മ പത്തനംതിട്ട പോലീസിൽ പരാതി നൽകിയതിന്റെ വിരോധത്താലാണ് ഇന്നലെ തോക്കുമായി വീട്ടിൽ യുവാവ് അതിക്രമം കാട്ടിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത് വീട് പരിശോധന നടത്തിയതിൽ പിസ്റ്റൾ രൂപത്തിലുള്ള ഒരു തോക്കും, റൈഫിൾ രൂപത്തിലുള്ള ഒരു തോക്കും പോലീസ് കണ്ടെടുത്തു. രണ്ടു തോക്കുകൾക്കും ലൈസൻസ് ഇല്ലാത്തതാണ്. ഇയാൾ ഹൈദരാബാദിൽ ആപ്പിൾ ഫോൺ കമ്പനിയിൽ ജോലിയായിരുന്നു. സ്വഭാവ ദൂഷ്യം കാരണം കമ്പനിയിൽനിന്ന് പിരിച്ചുവിട്ടു. ഇപ്പോൾ ഒരു മാസമായി നാട്ടിലുണ്ട്, രണ്ടു തോക്കുകളും ഹൈദരാബാദിൽ നിന്നും കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. ഭാര്യ പിണങ്ങിമാറി കഴിയുകയാണ്.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു, തുടർന്ന് ഇന്ന് രാവിലെ 10 ന് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്ത തോക്ക്, എ ആർ ക്യാമ്പ് ആർമർ വിഭാഗം പരിശോധിച്ചു.തോക്കിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്.തോക്ക് ഫോറെൻസിക് ലബോറട്ടോറിയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമുണ്ട്. പ്രതി ഇത് മുമ്പ് ഏതെങ്കിലും കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Pathanamthitta threatening women at gunpoint