മരുന്ന് കയറ്റാൻ മാത്രം ഒരു ആംബുലൻസ്; രോഗികളെ കൊണ്ടുപോകില്ല
കോന്നി:രോഗികളെ കൊണ്ടുപോകാൻ മടിക്കുന്ന കോന്നി മെഡിക്കൽ കോളജിലെ ആംബുലൻസ് മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സാധന സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. കോവിഡ് കാലഘട്ടത്തിലാണ് കോന്നി എം.എൽ.എ അഡ്വ കെ.യു. ജനീഷ് കുമാറിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് മെഡിക്കൽ കോളജിന് ആംബുലൻസിന് തുക അനുവദിക്കുന്നത്. എന്നാൽ, ഡ്രൈവർമാർ വാഹനം ഓടിക്കാൻ കൂട്ടാക്കിയില്ല.
പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇടുകയായിരുന്നു. തുടർന്നും രോഗികൾക്ക് പ്രയോജനം ചെയ്തില്ല. അടിയന്തര ഘട്ടങ്ങളിൽ രോഗികളുമായി പോകേണ്ട ആംബുലൻസ് മരുന്നുകളും തുണിസാധനങ്ങളും എത്തിക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഇതോടെ പുറത്തുനിന്ന് വലിയ തുക കൊടുത്ത് ആംബുലൻസ് വരുത്തേണ്ട അവസ്ഥയാണ് സാധാരണക്കാർക്ക്. 108 ആംബുലൻസ് സർവീസ് പകൽ സമയങ്ങളിൽ ഉണ്ടെങ്കിലും രാത്രിയിൽ സേവനം ഇല്ലാത്തത് സാധാരണക്കാരെ വലക്കുന്നു.
konni ambulance