കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി
കണ്ണൂർ ∙ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽമോചിതയായി. പരോളിലായിരുന്ന ഷെറിൻ ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി നടപടികൾ പൂർത്തിയാക്കി. ഷെറിന്‍ അടക്കം ശിക്ഷ അനുഭവിച്ചിരുന്ന 11 പേരെ മേചിപ്പിക്കണമെന്നു ജനുവരിയിൽ മന്ത്രിസഭായോഗം ശുപാർശ ചെയ്തിരുന്നു. ഇത് ഗവർണർ അംഗീകരിച്ചതോടെയാണ് മോചനത്തിനു കളമൊരുങ്ങിയത്. പിന്നാലെ, സർക്കാർ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ഷെറിൻ.
ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദമായതോടെ അത് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഷെറിന് തുടർച്ചയായി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടിയതു വാർത്തയായതും വിവാദമായതോടെയാണ് മോചനനീക്കം വൈകിയത്. സര്‍ക്കാര്‍ ശുപാര്‍ശ സമർപ്പിച്ച ശേഷവും ജയിലില്‍ പ്രശ്‌നം സൃഷ്ടിച്ചതും തിരിച്ചടിയായി. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവർണർക്ക് അയച്ചത്.
2009 നവംബര്‍ എട്ടിനാണ് ചെങ്ങന്നൂർ ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാരണവർ (66) വീട്ടിൽവച്ചു കൊല്ലപ്പെട്ടത്. മകന്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. ഷെറിന്റെ സുഹൃത്ത് കുറിച്ചി സ്വദേശി ബാസിത് അലി, ഇയാളുടെ സംഘത്തിലെ കളമശ്ശേരി സ്വദേശി നിഥിന്‍, ഏലൂര്‍ സ്വദേശി ഷാനു റഷീദ് എന്നിവരായിരുന്നു മറ്റു പ്രതികള്‍.
karanavar murder