അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അടൂർ : നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാർക്കിങ് ഒരുക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള വരകൾ വരയ്ക്കുന്ന നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്. ആദ്യഘട്ടമായി അടൂർ പാർഥസാരഥി ക്ഷേത്രത്തിന് എതിർവശംമുതൽ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ പ്രധാന കവാടംവരെ ഇടതുവശത്താണ് വരയ്ക്കുന്നത്. ഇവിടെ നാലുചക്രവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഫീസ് ഈടാക്കിയുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്.
കെഎസ്ആർടിസി ജങ്ഷൻമുതൽ കാരുണ്യവരെ ഇടതുഭാഗം ഇരുചക്രവാഹന പാർക്കിങ് ഫീസോടുകൂടി അനുവദിക്കും. ഇവിടെയും വരകൾ വരയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച അടൂർ നഗരസഭാ ചെയർമാൻ കെ. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ട്രാഫിക് എസ്ഐ ജി. സുരേഷ്‍കുമാർ, കെആർഎഫ്ബി അധികൃതർ സ്ഥലത്തെത്തി വരകൾ ഇടേണ്ട ഭാഗങ്ങൾ പരിശോധിച്ചു. കാലാവസ്ഥ അനുകൂലമായാൽ ചൊവ്വാഴ്ച തന്നെ വരകൾ ഇട്ട് തീർക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
രണ്ടാംഘട്ടമായി നഗരസഭാ ഓഫീസിന് എതിർവശംമുതൽ ആർഡിഒ ഓഫീസിന് സമീപംവരെ ഇടതുവശം ഫീസോടുകൂടി പാർക്കിങ്. കോടതിയുടെയും ആർഡിഒ ഓഫീസിനും എതിർവശത്ത് ഫീസോടുകൂടി പാർക്കിങ്. കോടതിയുടെ എതിർവശം ഡിക്സൺ ലോഡ്ജിനുസമീപത്തെ റോഡിൽ ഇരുവശവും ഫീസോടുകൂടി പാർക്കിങ്. എം.എൻ. ഓഫ്സെറ്റിന് എതിർവശത്തും ഫീസോടുകൂടി പാർക്കിങ് അനുവദിക്കും.
അടൂരിൽ പാർഥസാരഥി ക്ഷേത്രത്തിന് എതിർവശത്തും മറ്റും കാറുകൾ അലക്ഷ്യമായിട്ടായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് മാതൃഭൂമിയാണ് ആദ്യമായി വാർത്ത നൽകുന്നത്. തുടർന്ന് ജൂലായ് മാസത്തിൽ ചേർന്ന ഗതാഗത ഉപദേശക ബോർഡ് യോഗത്തിലാണ് പാർക്കിങ് സംവിധാനം ഒരുക്കുന്നതിനെപ്പറ്റിയുള്ള തീരുമാനങ്ങൾ ഉണ്ടായത്.
പാർക്കിങ് ഫീസ് ഇങ്ങനെ
നാലു ചക്രവാഹനങ്ങൾക്ക്: 20 രൂപ
ഇരുചക്രവാഹനങ്ങൾ: 10 രൂപ
:നിശ്ചയിച്ചസമയത്തിന് മുകളിൽ പോയാൽ മണിക്കൂറിന് അഞ്ചുരൂപ അധികം ഈടാക്കും
parking fees