പത്തനംതിട്ടയിൽ നിന്ന് കോന്നി-മെഡിക്കൽ കോളജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് വന്നതോടെ ളാക്കൂർ നിവാസികൾ ആവേശത്തിലായി.
പത്തനംതിട്ട: കോന്നി-മെഡിക്കൽകോളജ് കെ.എസ്.ആർ.ടി.സി ബസ് വന്നതോടെ ളാക്കൂർ നിവാസികൾ ആവേശത്തിലായി. പത്തനംതിട്ടയിൽ നിന്ന് 8.45 ന് പുറപ്പെട്ട ബസ് പ്രമാടം, പൂങ്കാവ്, ളാക്കൂർ വഴി ഒമ്പത് മണിക്ക് പ്രമാടം പഞ്ചായത്ത് ഓഫിസിന് മുൻപിലെത്തി.
ബസിനെ സ്വീകരിക്കാൻ കാത്തുനിന്ന ളാക്കൂരിലെ ജനപ്രതിനിധികളും നാട്ടുകാരും വൻ വരവേൽപ് നൽകി. ളാക്കൂർ വഴി ബസ് സർവീസ് ആരംഭിച്ച കെ.യു.ജനീഷ് കുമാർ എം.എൽ.എക്കും മന്ത്രി കെ.ബി.ഗണേഷ് കുമാറിനും അഭിനന്ദനം അർപ്പിച്ചുള്ള ബാനറും പൂമാലകളും കെട്ടി നാട്ടുകാർ ബസിനെ വർണാഭമാക്കി. ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് സ്നേഹാദരങ്ങൾ നൽകി.
സ്വീകരണത്തിനുശേഷം ജനപ്രതിനിധികളുൾപ്പെടെ പഞ്ചായത്ത് ഓഫിസ് കവലയിൽ നിന്ന് ബസിൽ കയറി തൊട്ടടുത്ത ബസ് സ്റ്റോപ്പുവരെ യാത്ര ചെയ്തു. ളാക്കൂർ വഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തലാക്കിയിട്ട് വർഷമേറെയായെങ്കിലും പുതിയ ബസ് സർവീസ് ആരംഭിച്ചത് ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി. പുതിയതായി നിരത്തിലിറക്കിയ ബസ് ആണിത്. പുതിയ ബസ് ആയതിനാൽ രണ്ട് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ksrtc