മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിന് 1000 ബസ് സര്‍വീസിന് ഒരുക്കിയതായി കെ.എസ്.ആര്‍ടി.സി
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിന് 1000 ബസ് സര്‍വീസിന് ഒരുക്കിയതായി കെ.എസ്.ആര്‍ടി.സി അറിയിച്ചു. നിലവില്‍ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ പ്രതിദിനം 160 ചെയിന്‍ സര്‍വിസ് നടത്തുന്നുണ്ട്. തീർഥാടക തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 250 ബസ് അധികമായി സര്‍വിസ് നടത്തും.
കോയമ്പത്തൂര്‍, പഴനി, തെങ്കാശി തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിലേക്കും തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഉള്‍പ്പെടെ വിവിധ ജില്ലകളിലേക്കുമായി ഇരുപതോളം ദീര്‍ഘദൂര സര്‍വിസും ക്രമീകരിച്ചു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള മികച്ച ബസുകളാണ് പമ്പ സര്‍വീസിന് എത്തിച്ചിരിക്കുന്നത്. ഹില്‍ടോപ്പില്‍ ജനുവരി 12ന് രാവിലെ എട്ടു മുതല്‍ 15 ന് ഉച്ചയ്ക്ക് 12 വരെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായ വാഹനങ്ങള്‍ക്കും മാത്രമേ പാര്‍ക്കിങ് അനുമതിയുള്ളൂ. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം.
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ തിരിച്ചെത്തുന്നതോടെ പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് കെ.എസ്.ആര്.ടി.സി ചെയിന്‍ സര്‍വീസ് നടത്തും. നിലവില്‍ 290 കണ്ടക്ടര്‍മാരും 310 ഡ്രൈവര്‍മാരും ഡ്യൂട്ടിക്കുണ്ട്. തീർഥാടക തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അധിക ബസും ആവശ്യമായ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
makaravilakku-mahotsavamksrtc-with-1000-buses
