മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ
ശബരിമല ∙ നട തുറക്കുമ്പോൾ തന്നെ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന ആഗ്രഹത്തോടെ കാനനപാതയിലൂടെ തീർഥാടക പ്രവാഹം. കാട്ടുവഴികളിൽ എല്ലാം മുഴുങ്ങുന്നതു ശരണംവിളികൾ. മണ്ഡലപൂജ കഴിഞ്ഞ് നട അടച്ചത് അറിയാതെ ആയിരങ്ങളാണ് വാഹനങ്ങളിൽ എത്തിയത്. ഇവരുടെ വണ്ടികൾ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടിരിക്കുകയാണ്. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി നിലയ്ക്കൽ പാർക്കുചെയ്ത വാഹനങ്ങൾ ഇന്ന് രാവിലെ മാത്രമേ പമ്പിലേക്കു പോകാൻ അനുവദിക്കൂ.
കാനനപാതയിലൂടെ എത്തിയ തീർഥാടകരെ പമ്പയിൽ തടഞ്ഞു നിർത്തിയിരിക്കുകയാണ്. പമ്പാ മണപ്പുറത്തെ പന്തലുകളിലും ഗണപതികോവിൽ പരിസരത്തുമാണ് ഇവർ തങ്ങിയിട്ടുള്ളത്. പുല്ലുമേട് വഴി മലയിറങ്ങി സന്നിധാനത്ത് എത്താൻ ആയിരങ്ങൾ വണ്ടിപ്പെരിയാർ സത്രം ക്ഷേത്രത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. വനംവകുപ്പിന്റെ പുല്ലുമേട് പാത ഇന്ന് രാവിലെ 7ന് തുറന്നു . സത്രത്തിൽനിന്നു 16 കിലോമീറ്റർ നടന്നാൽ നേരെ സന്നിധാനത്ത് എത്താം. പമ്പയിലെ തിരക്ക് ബാധിക്കില്ല.
മണ്ഡലകാലത്ത് സന്നിധാനത്ത് ദർശനം നടത്തിയത് 36,33,191 തീർഥാടകർ. ഇതിൽ 30,91,183 പേർ വെർച്വൽ ക്യൂ വഴിയും 4,12,075 പേർ സ്പോട് ബുക്കിങ് വഴിയുമാണ് ദർശനം നടത്തിയത്. പുല്ലുമേട് വഴി 1,23,933 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ 3,83,435 പേർ അധികമായി എത്തിയതായാണ് പൊലീസിന്റെ കണക്ക്.
/sabarimala-temple
